Skip to main content

Motor Cycle Diaries - Part 9 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 9
ടെന്റ് വൃത്തിയുള്ളതാണ്. കല്ലില്‍ വിരിച്ച ബെഡ്, പുതപ്പ്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബള്‍ബും. ഇത്രയുമാണ് അതിനകത്തെ വസ്തുക്കള്‍. ആഡംബരം എന്ന് പറയാന്‍ ചെറിയ ഒരു കസേരയുണ്ട്. പുറത്തു ഒരു ബാത്ത്റൂം. ചൂട് വെള്ളം രാവിലെയും രാത്രിയും മാത്രമേ കിട്ടൂ. ഒന്ന് ഫ്രഷ്‌ ആകാതെ എങ്ങനെയാണു പുറത്തിറങ്ങുക. നല്ല തണുപ്പുണ്ട്, എന്നാലും കുളിക്കുക തന്നെ. പൂര്‍ണ നഗ്നനായി ആദ്യത്തെ കപ്പ് തലവഴി ഒഴിച്ചപ്പോള്‍ നട്ടെല്ലിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞു പോയി. കുളിച്ചു കഴിഞ്ഞതിനു ശേഷം ധരിക്കാന്‍ അടിവസ്ത്രം ഒന്നുമില്ല. എല്ലാം മുഷിഞ്ഞിരിക്കുന്നു. അലക്കാനുള്ള സൗകര്യം ഇവിടെ ഇല്ല. അതിനിനി മനാലിയില്‍ എത്തണം. ഒരു ജീന്‍സും, ഷര്‍ട്ടും മാത്രമാണ് ബാക്കിയുള്ളത്.
വേഗം ഡ്രസ്സ്‌ ധരിച്ചു കോട്ടുമിട്ട് പുറത്തിറങ്ങി. തണുപ്പ് കാരണം ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. ബൈക്കെടുത്തു പോവുന്നതിനിടക്ക് മുന്‍പെത്തെ യുവതിയും മറ്റൊരാളും എന്നെ നോക്കി ചിരിച്ചു. വെറുതെ എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി ഞാനവിടെ നിര്‍ത്തി. പരിചയപെടുന്നതിനിടക്ക് ഞാന്‍ വിരലുകള്‍ തമ്മില്‍ ഉരച്ചു ശരീരം ചൂടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടു പുള്ളിക്കാരി അകത്തു പോയി ഒരു കോഫി ഇട്ടു വന്നു. സങ്കോചം കൂടാതെ ഞാനതു വാങ്ങി കുടിച്ചു. മധുരം ഒട്ടുമില്ലായിരുന്നു. എങ്കിലും അപ്പോയെനിക്ക് അതത്യാവിശ്യം ആയിരുന്നു.
സ്പെയിനില്‍ നിന്നുള്ള ദമ്പതികളോ അല്ലെങ്കില്‍ ലിവിംഗ് ടുഗതെറൊ ആണവര്‍. ബെര്‍ണാഡോയും എല്‍ഡിനോയും. എല്‍ഡിനോ എന്ന് തന്നെയാവണം. സത്യത്തില്‍ ആ പേര് എനിക്ക് ഉച്ചരിക്കാനെ കഴിഞ്ഞില്ല. അവരുടെ സംസാരത്തിനിടക്ക് ടൌണില്‍ രണ്ടു ലോണ്ട്രികള്‍ ഉണ്ടെന്നു മനസ്സിലായി. വീണ്ടും ടെന്റില്‍ കയറി മുഷിഞ്ഞ ഡ്രസ്സ്‌ എടുത്തു. ടൌണില്‍ ഒരു ലോണ്ട്രി സ്വദേശി നടത്തുന്നതാണ്. മറ്റൊന്ന് ഒരു സായിപ്പും. സായിപ്പ് ഒരു "മൈഡ് ഇന്‍ ഇംഗ്ലണ്ട്" എന്ന സംശയത്തിന്റെ പേരില്‍ കാശ് കൂടുതല്‍ ആയിട്ടും ഞാന്‍ സായിപ്പിനെ ഏല്‍പ്പിച്ചു. നാളെ ഉച്ചക്ക് മുന്‍പ് കിട്ടണം എന്ന നിബന്ധനയില്‍. അതിലൊരു മ്ലേച്ചവും, നിന്ദ്യവുമായ ആനന്ദം ഞാന്‍ കണ്ടെത്തിയിരുന്നു.
ഒരു മധുരമുള്ള കോഫി കുടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇന്നലത്തെ സംഭവം എന്നെ അതില്‍ നിന്നും പിന്നോട്ട് വലിച്ചു. തല്‍ക്കാലം ഒരു ചായ കുടിച്ചു. എന്നിട്ട് മണിക്കിരണിലേക്ക് പോയി. ഒരരികിലൂടെ പാര്‍വ്വതി നദി പതഞ്ഞു ഒഴുകുന്നു. ഹൈന്ദവര്‍ക്കും സിക്കുകാര്‍ക്കും ഒരു പോലെ പ്രാധാന്യമുള്ള സ്ഥലമാണ്‌ മണിക്കിരന്‍. പ്രകൃതിദത്തമായ നീരുറവകള്‍ കൊണ്ട് പ്രശസ്തമാണിവിടം.
ഒരിക്കല്‍ പാര്‍വ്വതി ദേവിയുടെ ആഭരണം ഈ നദിയില്‍ വീണു പോയി. അത് കണ്ടെത്താന്‍ ഭൂതഗണങ്ങളെ നിയോഗിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതില്‍ കോപാകുലനായ ശിവന്‍ തന്റെ തൃക്കണ്ണ് തുറന്നു എന്നും അതിന്റെ ഫലമായി നിറയെ രത്നങ്ങളും ആഭരണങ്ങളും ഭൂമി പിളര്‍ന്നു വന്നു എന്നുമാണ് ഐതിഹ്യം. എന്നാല്‍ മൂന്നാം കണ്ണ് തുറന്നപ്പോള്‍ അതില്‍ നിന്നും നാഗവേഷം പൂണ്ട നൈനാ ദേവി വിഷം വമിപ്പിച്ചു നദിയെ തിളപ്പിച്ച്‌ അതില്‍ നിന്നും ആഭരണം കണ്ടെത്തി എന്നൊരു കഥയും പ്രചാരത്തിലുണ്ട്. അനുവികരണ ശേഷിയുള്ള റേഡിയത്തിന്റെയും പ്രകൃതിദത്ത യുറേനിയത്തിന്റെയും സാന്നിധ്യമാണ് ഈ ചൂട് നീരുറവക്ക് ശാസ്ത്രത്തിന്റെ വിശദീകരണം.
ശാസ്ത്രത്തിനെയും വിശ്വാസത്തെയും കൂട്ട് പിടിച്ചു നല്ല കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. ഈ വിശുദ്ധജലത്തിലെ സ്നാനം പുണ്യമാക്കി ആത്മീയ കച്ചവടവും ത്വക് രോഗങ്ങള്‍ മാറുമെന്ന വിശ്വാസത്തില്‍ ആരോഗ്യകച്ചവടവും.
പാര്‍വ്വതി നദിയുടെ കുറുകെ നിര്‍മ്മിച്ച പാലം കടന്നു വേണം ഗുരുദ്വാരയില്‍ എത്താന്‍. സിക്ക് മതസ്ഥാപകന്‍ ഗുരു നാനാക്ക് ഒരിക്കല്‍ മണികരണില്‍ എത്തുകയും സാധുജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു അരിയും ധ്യാനങ്ങളും ശേഖരിച്ചു കൊണ്ടുവരാന്‍ തന്റെ ശിഷ്യരോട് പറഞ്ഞു. പിന്നീട് ശിഷ്യനായ മര്‍ധനഭായിയോട് അവിടെ ഉള്ള ഒരു കല്ല്‌ നീക്കാന്‍ അവിശ്യപെട്ടു. കല്ല്‌ നീക്കിയപ്പോള്‍ കണ്ടത് തിളച്ചു മറിയുന്ന വെള്ളം. ഈ വെള്ളത്തില്‍ തന്നെ ഭക്ഷണം പാചകം ചെയ്തു എന്നാണ് വിശ്വാസം.
ഈ ഐതിഹ്യം എനിക്ക് പറഞ്ഞു തന്നത് രബിയാണ്. അവരുടെ വിശുദ്ധ ഗ്രന്ഥമായ ത്വാതിക് ഗുരു ഖല്‍സയില്‍ ഈ കഥ പറയുന്നുണ്ടെത്രേ. കഥ എന്ന് പറഞ്ഞാല്‍ രബിയുടെ മുഖം രക്തവര്‍ണ്ണമാവും.
അതല്ലങ്കിലും അന്യമത വിശ്വാസിയുടെ വിശ്വാസചരിത്രമെല്ലാം നമുക്ക് വെറും കഥയാണല്ലോ ?.
ഗുരു നാനാക്ക് താമസിച്ചു എന്ന് കരുതുന്ന സ്ഥലത്താണ് ഇപ്പോയുള്ള ഗുരുദ്വാര പണിതിരിക്കുന്നത്. സാധാരണ ഗുരുദ്വാരയില്‍ നിന്നും വിഭിന്നമായി ഇവിടത്തെ തറ നല്ല ചൂടാണ്. താഴെക്കൂടി ചൂട് നീരുറവ പോവുന്നതിനാല്‍ ആവണം.
ഇവിടത്തെ ശിവക്ഷേത്രത്തിന്റെ അടുത്തും ഈ ചൂട് നീരുറവ ഉണ്ട്. എണ്‍പത്തി അഞ്ചു ഡിഗ്രീ തിളനിലയുള്ള ഈ വെള്ളത്തില്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചാല്‍ ദേഷ്യം, അസൂയ എന്നിവയൊക്കെ ഇല്ലാതാവും എന്നാണ് വിശ്വാസം. മൊട്ട പുഴുങ്ങാന്‍ ഇതിലും നല്ല ഒരു ഓപ്ഷന്‍ ഇല്ല. അവിടിന്നിറങ്ങിയതും രബി വിളിച്ചു. ഇവിടെ വന്നിറങ്ങിയ കാര്യങ്ങള്‍ മുഴുവനായി രബിയെ പറഞ്ഞു കേള്‍പ്പിച്ചു.
പിന്നീട് അവന്റെ വക ഉപദേശത്തിന്റെ കുത്തൊഴുക്കായിരുന്നു. വിദേശികളോട് ഒരകലത്തില്‍ നില്‍ക്കണം, വല്ലാതെ കമ്പനി ആവരുത്, കഴിയുന്നതും നേരത്തെ കസോള്‍ വിടണം ഇതൊക്കെയാണ് അവന്റെ ആവിശ്യങ്ങള്‍. അലക്കാന്‍ കൊടുത്ത ഡ്രെസ് കിട്ടിയാല്‍ ഇവിടം വിടും എന്ന് പറഞ്ഞു രബിയെ തല്‍ക്കാലത്തേക്ക് ഒതുക്കി. കൂട്ടത്തില്‍ കോഫി കടയില്‍ എനിക്ക് നേരിട്ട ദുരനുഭവം ഞാന്‍ അവനോടു പറഞ്ഞു. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു,
നിനക്കെന്തറിയാം, അവിടെ ഒരു കടയില്‍ "പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ല"
എന്നൊരു ബോര്‍ഡുണ്ട്, ഹിബ്രുവില്‍.
രാജ്യസ്നേഹം പഠിപ്പിക്കുന്നവര്‍ ഇത് കാണാത്തത് കൊണ്ടൊന്നുമല്ല. അറിയാത്തത് കൊണ്ടുമല്ല. അവരോടു കളിച്ചാല്‍ പണി പാളും.
ഇത് പറയുമ്പോള്‍ അവന്റെ ശബ്ദം ഉയര്‍ന്നിരുന്നു.



തിരിച്ചു പോവുമ്പോള്‍ ലോണ്ട്രിയില്‍ കയറി കഴിയുന്നതും നേരത്തെ തരണം എന്നും ഓര്‍മ്മിപ്പിച്ചു.
ടെന്റില്‍ എത്തുമ്പോള്‍ ബെര്‍ണാഡോയും എല്‍ഡിനോയും അതെ ഇരിപ്പില്‍ തന്നെ ആയിരുന്നു. ഞാന്‍ ബൈക്ക് നിര്‍ത്തി അവരുടെ അടുത്തുള്ള ഒരു കസേരയില്‍ ഇരുന്നു. വീണ്ടും അതെ കോഫി. ഞാന്‍ ബെര്‍ണാഡോയോട് കുറച്ചു പഞ്ചസ്സാര ആവിശ്യപെട്ടു. ഒരു ക്ഷമാപണത്തിനു ശേഷം അകത്തുപോയി പഞ്ചസാര എടുത്തുവന്നു, ആവിശ്യത്തിന് ഉപയോഗിക്കാനും പറഞ്ഞു. സാധാരണ അവര് പഞ്ചസാര ഉപയോഗിക്കില്ല. എന്നാല്‍ കുറച്ചു ഫ്രെണ്ട്സ് വരും അവര്‍ക്ക് വേണ്ടിയാണു ഇതിവിടെ സൂക്ഷിക്കുന്നതെന്നും ബെര്‍ണാഡോ പറഞ്ഞു. ഇതിനിടക്ക്‌ ടെന്റിന്റെ ഉടമസ്ഥന്‍ വന്നു രാത്രിയിലേക്ക്‌ ഭക്ഷണം വേണ്ടി വരുമോ എന്നന്വേഷിച്ചു. എന്റെ മറുപടിക്ക് കാക്കാതെ എല്‍ഡിനോ പറഞ്ഞു,
"നന്ദി, വേണ്ടിവരില്ല. ഷറീഫ് ഇന്നു ഞങ്ങളുടെ ഗസ്റ്റ്‌ ആണ്".
പണി പാളിയെന്ന് മനസ്സില്‍ വിചാരിക്കുമ്പോയും അവരെന്‍റെ പേര് ഓര്‍ത്ത്‌ വെച്ചല്ലോ എന്നത് എന്നെ സന്തോഷിപ്പിച്ചു. "ഷറീഫ്" എന്ന ഉച്ചാരണം ഒരു വേള എന്നെ ഹൈസ്കൂള്‍ കാലത്തേക്ക് കൊണ്ടുപോയി. ശരീഫ്, ഷെരീഫ്, ഷരീഫ് എന്നൊക്കെ വിളിക്കുമെങ്കിലും ആദ്യമായി ഷറീഫ് എന്ന് വിളിക്കുന്നത്‌ പുഷ്പകുട്ടി സിസ്റ്റെര്‍ ആയിരുന്നു.
വയറിനു സുഖമില്ലെന്ന ഒഴിവു കഴിവ് പറഞ്ഞു നോക്കിയെങ്കിലും അതു പറ്റില്ല ഇന്നെന്റെ പിറന്നാള്‍ ആണെന്ന് പറഞ്ഞു ബെര്‍ണാഡോ. ഇനി എന്തായാലും കൂടുക തന്നെ എന്നുറപ്പിച്ചു. അവനൊരു ആശംസയും കൊടുത്തു. എല്‍ഡിനോയും ബെര്‍ണാഡോയും ജിപ്സികള്‍ ആണ്. ഒരു വര്‍ഷത്തില്‍ അധികമായി ഇന്ത്യയില്‍ വന്നിട്ട്. ഗോവയില്‍ നിന്നാണ് ഇവിടെ വന്നത്. ബെര്‍ണാഡോ സ്പെയിനില്‍ മെക്കാനിക്ക് ആണ്. എല്‍ഡിനോ ഒരു സ്ലീപ്പറും. അത് പറയുമ്പോള്‍ അവര്‍ക്ക് യാതൊരു ഭാവവിത്യാസവും ഉണ്ടായിരുന്നില്ല. ഒരു വര്‍ഷം അവിടെ ജോലിയെടുത്തുണ്ടാക്കുന്ന കാശ് കൊണ്ട് ഇന്ത്യയില്‍ ഒരു വര്‍ഷം ജീവിക്കാം എന്നാണവരുടെ വാദം. നാളെ എന്നൊരു ചിന്ത ഇല്ലെങ്കില്‍ ആ വാദം പൂര്‍ണമായും സമ്മതിക്കേണ്ടി വരും.
കരഞ്ഞുകൊണ്ട് ജനിക്കുന്നു,
വേവലാധിപെട്ട് ജീവിക്കുന്നു,
നിരാശനായി മരിക്കുന്നു.
ഒരു സാധാരണ ഇന്ത്യക്കാരെന്റെ ജീവിതം ഇങ്ങനെയാണല്ലോ. ഞാനൊന്നു ടെന്റില്‍ പോയിട്ട് വരാം എന്നും പറഞ്ഞു അവിടെ നിന്ന് മുങ്ങി. ഉമ്പായിയുടെ ഗസലും കേട്ട് പുതപ്പിനുള്ളിലേക്ക് ചേക്കേറി. എന്റെ പേര് വിളിക്കുന്നത്‌ കേട്ടാണ് ഉണര്‍ന്നത്. ടെന്റില്‍ ഒട്ടും വെളിച്ചമില്ല. ഉമ്പായി പാടി പാടി തളര്‍ന്നു ഉറങ്ങി എന്ന് തോന്നുന്നു. തപ്പി പിടിച്ചു ബള്‍ബ് ഓണാക്കി. വീണ്ടും പുറത്തുന്നുള്ള വിളി.
മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരാള്‍. ഇതിനി എന്ത് മാരണമാവും എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ഓ... നിങ്ങള്‍ ഉറങ്ങുകയായിരുന്നോ ? ഞാന്‍ ബെര്‍ണാഡോയുടെ സുഹൃത്താണ്. പേര് യോസഫ്. എന്റെ ചുണ്ടില്‍ വരണ്ട ഒരു ചിരിയുണ്ടായി. ബാത്ത്റൂമില്‍ കയറി മുഖം കഴുകി. ഭാഗ്യത്തിന് ചൂട് വെള്ളം ആയിരുന്നു.
ബെര്‍ണാഡോയുടെ ടെന്റില്‍ നിറയെ വെളിച്ചം ഉണ്ടായിരുന്നു. കൂടുതല്‍ ചെയറും, അതില്‍ ഉപവിഷ്ടരായിരിക്കുന്ന വിദേശികളും. ഒരിടത്ത് അല്‍ഡിനോയും സുഹൃത്തും തീയില്‍ ഇറച്ചി വേവിക്കുന്നു. ബാര്‍ബിക്യൂ എന്താണെന്നു ഇപ്പോള്‍ മനസ്സിലായി. കരിയുന്ന മാംസത്തിന്റെ ഗന്ധം അവിടം നിറയുന്നുണ്ട്. യോസഫ് എന്നെ മറ്റുള്ളവര്‍ക്ക് പരിചയപെടുത്തി. ചമ്മല്‍ കാരണം എനിക്ക് എങ്ങനേം അവിടുന്ന് രക്ഷപെട്ടാല്‍ മതിയായിരുന്നു എന്നവസ്ഥയിലാണ് ഞാന്‍. ചമ്മല്‍ എന്ന് പറയാന്‍ പറ്റില്ല. അപകര്‍ഷതാബോധം എന്ന് തന്നെ പറയണം.
അവരില്‍ ഭൂരിഭാഗവും ഇസ്രയേല്‍ പൌരന്മാര്‍ ആയിരുന്നു.ഏരിയല്‍, യോനതാന്‍, തുടങ്ങിയവര്‍. ആകെ പരിചയമുള്ള ബെര്‍ണാഡോ ഹുമ്മുവും താഹിനിയും ഉണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നു. .
. സംസാരപ്രിയന്‍ ആയ യോസഫ് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. ആദ്യമായി എന്റെ ഇന്ഗ്ലിഷിന്റെ പോരായ്മ എനിക്ക് മനസ്സിലായി തുടങ്ങി, ഇന്ത്യന്‍ ഇന്ഗ്ലിഷ് എന്നൊരു സംഗതി ഉണ്ടെന്നും. ഭക്ഷണം കഴിച്ചു ഒരു വൈനും സിപ്പ് ചെയ്തു ഞാനിരുന്നു. രൂക്ഷമായ കഞ്ചാവിന്റെ ഗന്ധം എന്റെ നാസികതുമ്പില്‍ വന്നിരുന്നു.
ഒട്ടുമിക്ക പേരുടെ ചുണ്ടിലും കഞ്ചാവ് ഉണ്ട്. കേരളത്തെ കുറിച്ചും കൊച്ചിയിലെ ജൂതതെരുവിനെ കുറിച്ചും അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ കണ്ണുകള്‍ ചുവന്നിരുന്നു. അവരുടെ ഇടയില്‍ ഇരിക്കുന്നതു അരോചകം തന്നെയാണ്. മൊബൈലില്‍ ഒരു കാള്‍ വരുന്ന ഭാവത്തില്‍ ഞാന്‍ പതുക്കെ അവിടെ നിന്നും മാറി.ഇതിനിടക്ക്‌ കൂട്ടത്തില്‍ ഒരാള്‍ ഗിറ്റാര്‍ എടുത്തു പാടാന്‍ തുടങ്ങി. ആശാന്‍ കുഴപ്പമില്ലാതെ പാടുന്നു. എന്റെ പ്രിയ ഗാനങ്ങളില്‍ ഒന്നായ "ബോണി എംന്റെ" റാസ്പുടിന്‍ ആണ് പാടുന്നതു. ഞാന്‍ വീണ്ടും ആ സംഘത്തോട് ചേര്‍ന്നു. നേരം കടന്നു പോയി.
ഇസ്രേയേലിലും "സഖാക്കള്‍" ഉണ്ടെന്നും ഗാസാ വിഷയ്ത്തിലൊക്കെ ഭരണകൂടത്തെ എതിര്‍ത്തിരുന്നു എന്നും യോസഫ് എന്നോട് പറഞ്ഞു. യോസഫ് ഒരു പട്ടാളക്കാരന്‍ ആയിരുന്നു. ഇപ്പോള്‍ വിരമിച്ച് ജീവിതം ആഘോഷിക്കുന്നു. ഇസ്രേയല്‍ ജനതയെ കുറിച്ചുള്ള മുന്‍ധാരണയെല്ലാം മാറ്റിമറിച്ചതായിരുന്നു ആ സംഭാഷണം. നാളെ അവരൊരു ചെറിയ ട്രെക്കിംഗ് നടത്തുന്നുണ്ട്. താല്പര്യംമുണ്ടെങ്കില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. ലോണ്ട്രിയിലെ കാര്യം പറഞ്ഞു ഊരാന്‍ നോക്കിയെങ്കിലും ഉച്ചക്ക് മുന്‍പ് തീരും എന്ന് പറഞ്ഞു യോസഫ് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. ഇതിനിടക്ക്‌ രണ്ടു കപ്പിള്‍സ് പരസ്പരം ചുംബിക്കുന്നുണ്ടായിരുന്നു, ദീര്‍ഘമായ ചുംബനം.
എല്‍ഡിനോയുടെ കോഫിയിലാണ് പിറ്റെ ദിവസ്സം തുടങ്ങിയത്. പ്രഭാതഭക്ഷണത്തിനു ഒരു നല്ല കോഫീഷോപ്പില്‍ കയറിയെങ്കിലും ഞാന്‍ ഒരു ഇന്ത്യന്‍ ഷോപ്പില്‍ കയറി അല്ലു പൊറോട്ടയാണ് കഴിച്ചത്. ഇതിന്റെ കാരണം യോസഫിനോട് പറഞ്ഞു. അങ്ങനെ സംസാരിക്കാനുള്ള ഒരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തിരുന്നു. അവനതു ചിരിച്ചു തള്ളി. എന്നിട്ട് പറഞ്ഞു എങ്കില്‍ അതിനകത്ത് മറ്റെന്തോ സെര്‍വ് ചെയ്യുന്നുണ്ട്.
മണിക്കരന്‍ കഴിഞ്ഞു ബൈക്ക് ഒരിടത്ത് വെച്ചാണ്‌ യാത്ര. അവരുടെ ബൈക്ക് ഉത്തരാഘണ്ട് രജിസ്ട്രേഷന്‍ ആണ്. എന്റെ കയ്യില്‍ മൊബൈല്‍ അല്ലാതെ മറ്റൊന്നുമില്ല. സാധാരണ ട്രെക്കിംഗ് ഇഷ്ടമല്ല. കുന്നും വെള്ളച്ചാട്ടവും കടന്നുള്ള മണിക്കൂര്‍ നീണ്ട നടത്തം ചില ഉള്‍ഗ്രാമങ്ങളില്‍ കൂടിയും കടന്നു പോയി. ആ ഗ്രാമങ്ങളിലെല്ലാം വിദേശികള്‍ ആണ് താമസ്സിക്കുന്നത്‌. ഒരു വീടിന്റെ മുന്‍പില്‍ തന്നെ കഞ്ചാവ് ചെടികള്‍ വളരുന്നുണ്ട്‌. കുതിരകള്‍ മേയുന്ന പുല്‍മേടുകള്‍, ഒറ്റപെട്ടവീടുകള്‍. അതിഗംഭീരമായ കാഴ്ചകള്‍ ആണ് എന്നെ വരവേറ്റത്. ചില വീടുകളില്‍ ഭക്ഷണവും ലഭിക്കും. ഖീര്‍ഗംഗയിലെ ചൂട്വെള്ളത്തിന്റെ അടുത്തത്തെത്തിയപ്പോയെക്കും എന്റെ പാതി ജീവന്‍ പോയിരുന്നു. ഇതിലും മനോഹരമായ നിരവധി ഗ്രാമങ്ങള്‍ ഇവിടെ ഉണ്ട്.
കസോളും പരിസ്സരപ്രദേശങ്ങളിലും കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ തീ കത്തിക്കുന്നതിന് വേണ്ടിയാണു ഗ്രാമീണര്‍ ഇത് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇന്നതിന്റെ വ്യാപ്തി വളരെ വലുതാണ്. "മലാന ക്രീം" എന്നറിയപെടുന്ന കഞ്ചാവ് കൃഷി ചെയ്യുന്നതും ഇവിടെയാണ്. ഈ ലഹരിക്ക്‌ വേണ്ടി തന്നെയാണ് ഒട്ടുമിക്ക വിദേശികളും ഇവിടെ വരുന്നത്. മുന്‍പൊരിക്കല്‍ എന്നെ കാണിക്കാന്‍ വേണ്ടി അഗളിയില്‍ നിന്നും ഒരു കഞ്ചാവിന്റെ തൈ ആന്റപ്പന്‍ ചേട്ടന്‍ കൊണ്ട് വന്നിരുന്നു. അതില്‍ നിന്നും വിത്യസ്തമാണ് ഇവിടെത്തെ ചെടികള്‍. ലാഭം തന്നെയാണ് ഈ കൃഷിയിലേക്ക് ഗ്രാമീണരെ അടുപ്പിക്കുന്നത്. ഒരു കിലോ കഞ്ചാവിനു മുപ്പതിനായിരം രൂപ കിട്ടും. വിദേശമാര്‍ക്കെറ്റില്‍ എത്തിച്ചാല്‍ ഒരു കോടിയും. കഞ്ചാവും ചരസും ഹാഷിച്ചും എല്ലാം വിത്യാസമുണ്ട്. ഒരു ചെടിയില്‍ നിന്നാണ് ഉണ്ടാക്കുന്നതെങ്കിലും.
തുടരും

Comments

Popular posts from this blog

Motor Cycle Diaries - Part 8 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 8 ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്. തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്. കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴ...

Motor Cycle Diaries - Part 6 Credits : Shareef Chungathara

Motor Cycle Diaries - Part 5 Credits : Shareef Chungathara മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 6 ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട്‌ സാദ്ര്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുന്‍പ് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി. കഠിനമായ ദേഷ്യം വന്നെകിലും, റഫീക്ക് ആ യതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപനത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി. ആരായിരിക്കും അത്? വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെ...

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11 ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി. നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്ക...