ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്.
തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്.
കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴക്ക് ശക്തിയില്ലെങ്കിലും ബൈക്കില്‍ ആയതിനാല്‍ നന്നായി നനയും. ബൈക്ക് കയറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരു കടത്തിണ്ണയില്‍ ഞാന്‍ കയറി. അവിടെ വെച്ചുതന്നെ രബിയെ വിളിക്കുകയും ചെയ്തു. മണിക്കിരണിനെ കുറിച്ച് അത്ര നല്ല അപിപ്രായമല്ല രബി പറഞ്ഞത്. അങ്ങോട്ടുള്ള യാത്ര അവിസ്മരണീയമാണ് പക്ഷേ ലേയില്‍ പോവാന്‍ നില്‍ക്കുന്ന നിനക്ക് അത് കണ്ടില്ലെങ്കിലും പ്രശ്നമില്ല.
രബിയെ അവിശ്വസിക്കേണ്ട കാര്യമില്ല. ഉത്തരേന്ത്യയിലെ എന്റെ ഒട്ടുമിക്ക യാത്രകളിലും എന്റെ മുന്നില്‍ നിന്ന് ഒരു ഗൈഡിനെ പോലെ നയിച്ചത് രബിയാണ്. ഒരു വര്‍ഷത്തെ സഹവര്‍ത്തിത്വം മാത്രമേ ഒള്ളെങ്കിലും എന്റെ പ്രിയ സൗഹൃദം തന്നെയാണ് രബി. സൗഹൃദം ഉണ്ടാക്കുന്നതില്‍ ഞാന്‍ വളരെ മോശമാണ്. അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കൂട്ടുകാര്‍ മാത്രമേ ഒള്ളൂ. ഷബീറും സുബ്രനും കുഞ്ഞനും പാപ്പിയും ഉള്ള കൂട്ടത്തില്‍ കൂട്ടാവുന്ന ഒരാളാണ് രബിയും. നല്ല സൗഹൃദങ്ങള്‍ നമ്മെ തേടി വരും. മഴ കുറഞ്ഞു കുറഞ്ഞു വന്നു. അവസാനം നൂല്‍മഴയായി. ഞാന്‍ ബൈക്കും എടുത്തു ഇറങ്ങി.
ചെങ്കുത്തായ പാറകള്‍ക്കിടയിലൂടെ കടന്നു പോവുന്നു. ഇവിടെത്തെ ബസ് ഡ്രൈവര്‍മാരേ നമിക്കണം. എത്ര അനായാസ്സമായാണ് അവര്‍ ഡ്രൈവ് ചെയ്യുന്നത്. പെട്ടെന്നാണ് ഞാനൊരു കാഴ്യ്ച്ച കണ്ടത്. അകലെ കുന്നിനു സമീപമായി "മഴവില്ല്" രൂപപെട്ടിരിക്കുന്നു. പെട്ടെന്നുള്ള മഴ കാരണം ഉണ്ടായതാണ്. മഴവില്ല് കാണുമ്പോള്‍ മനസ്സ് അറിയാതെ ബിനോയി സാറിന്റെ ഫിസിക്സ് ക്ലാസ്സില്‍ എത്തും. "പ്രകാശ പ്രകീര്‍ണ്ണത്തിന്റെ" എസ്.എ കാരണം എത്ര തവണ ചൂരലിന് അടി മേടിച്ചിരിക്കുന്നു.
മുന്നോട്ട് പോവുന്തോറും പ്രകൃതി അതിന്റെ വന്യസൗന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. കുളുവില്‍ എത്തുന്നതിനു മുന്‍പ് വാഹനങ്ങളൊക്കെ നിര്‍ത്തിയിരിക്കുന്ന ഒരിടത്ത് ഞാന്‍ വേഗത കുറച്ചു. ഒരാള്‍ നിന്ന് താഴേക്ക് വിരല്‍ ചൂണ്ടി എന്തോ പറയുന്നു. റാഫ്ലിംഗ് ആണ്.
മുന്നോട്ട് പോവുന്തോറും പ്രകൃതി അതിന്റെ വന്യസൗന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. കുളുവില്‍ എത്തുന്നതിനു മുന്‍പ് വാഹനങ്ങളൊക്കെ നിര്‍ത്തിയിരിക്കുന്ന ഒരിടത്ത് ഞാന്‍ വേഗത കുറച്ചു. ഒരാള്‍ നിന്ന് താഴേക്ക് വിരല്‍ ചൂണ്ടി എന്തോ പറയുന്നു. റാഫ്ലിംഗ് ആണ്.
തുറന്ന ജീപ്പില്‍ റബ്ബര്‍ ബോട്ടിരിപ്പുണ്ട്. ഞാന്‍ ബൈക്ക് കൊണ്ട് തന്നെ ബിയാസ്സിന്റെ തീരം വരെ പോയി. എന്നെ കണ്ടതും കുറച്ചു പേര്‍ ചാടിവീണു റാഫ്ലിംങ്ങിനു നിര്‍ബന്ധിച്ചു. എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഒരുത്തന്‍ അവിടെ തന്നെ നിന്ന് പൈസ കുറച്ചു കൊണ്ട് വന്നു. അവസാനം ഞാന്‍ പറഞ്ഞു, "പ്രിയ കൂട്ടുകാരാ എനിക്കിതില്‍ താല്പര്യമില്ല. ഇനി നിങ്ങള്‍ വെറുതെ സമ്മതിച്ചാലും വേണ്ട. ദയവു ചെയ്തു കുറച്ചു സമയം ഇവിടെ നില്‍ക്കാന്‍ സമ്മതിക്കണം". പഞ്ചാബി രജിസ്ട്രേഷനിലുള്ള ഒരു ടവേര വന്നപ്പോള്‍ എന്നെ വിട്ടവന്‍ അങ്ങോട്ട് ഓടി. ഭാഗ്യം, അവരെല്ലാം അവന്റെ കൂടെ പോയി.
കുളുവില്‍ എത്തുന്നവരുടെ പ്രധാന ആകര്‍ഷണമാണ് റാഫ്ലിംഗ്. മുന്‍പൊരിക്കല്‍ റാഫ്ലിംഗ് ചെയ്തിട്ടുണ്ട്. കാറ്റ് നിറച്ച റബ്ബര്‍ ബോട്ടില്‍ (ബോട്ടെന്നു പറയാമോ) ബിയാസ്സിലൂടെയുള്ള യാത്ര സാഹസികര്‍ക്ക് നല്‍കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്താതാണ്. ഏകദേശം ആറു കിലോമീറ്റര്‍ കൂടുതല്‍ ബിയാസ്സിലൂടെ യാത്ര ചെയ്യാം. പാറകെട്ടും, ഉരുളന്‍ കല്ലുകളും നിറഞ്ഞ ഈ യാത്ര കാണുന്നവരുടെ നെഞ്ചിടിപ്പു കൂട്ടും. എന്നാല്‍ അതിനകിത്തിരിക്കുന്നവര്‍ ആഹ്ലാദത്തിലും ആയിരിക്കും. അര മണിക്കൂര്‍ നീളുന്ന ഈ യാത്രക്ക് സാധാരണ അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വങ്ങും. എന്നാലത് അവനവന്റെ നാവിന്റെ ആരോഗ്യം പോലെ കുറയും. മാര്‍ച്ച് -ഏപ്രില്‍ മാസ്സത്തിലാണ് റാഫ്ലിങ്ങിനു ഏറ്റവും അനുയോജ്യം.
റാഫ്ലിംഗ് തുടങ്ങുന്നതിന്റെ മുകളില്‍ കൂടി ബിയാസ്സിനു കുറുകെ ഒരു തൂക്ക് പാലം പോകുന്നുണ്ട്. വല്ലാത്ത കുലുക്കം കാരണമാണ് പാലത്തിലേക്ക് നോക്കിയത്. ഒരു കാര്‍ പാലത്തില്‍ കൂടി പോകുന്നു. വളരെ അത്ഭുതം തോന്നി. എന്റെ നാട്ടിലും ഒരു തൂക്കുപാലം ഉണ്ട്. ചാലിയാറിനെ ക്രോസ് ചെയ്യുന്ന ഈ പാലം കനോലി പ്ലോട്ടിലേക്കുള്ളതാണ്. പത്തോ പതിനഞ്ചോ ആളുകള്‍ കയറിയാല്‍ സ്വാഭാവികമായും പാലം ഉലയും. ഇത് കണ്ടാല്‍ ഗാര്‍ഡുമാര്‍ ഭീഷണിപെടുത്തും. അങ്ങനെയുള്ളപ്പോയാണ് കാര്‍. ഈ പാലങ്ങള്‍ക്കൊക്കെ നല്ല പഴക്കം ഉണ്ട്. കാലപ്പഴക്കം എടുത്തുകാണിച്ചു കൊണ്ട് പലയിടത്തും ദ്വാരം വീണിട്ടുണ്ട്.
ഇതിനിടക്ക് വീണ്ടും രബി വിളിച്ചു. മണിക്കിരണിലേക്ക് പോയ്ക്കോളാന്‍ പറഞ്ഞു. അതിനവന്‍ പറഞ്ഞ കാരണം എന്നെ പോലെ ഒരാള്‍ക്ക് ഊര്‍ജ്ജം പകരുന്നതയിരുന്നു. മണിക്കിരണിലേക്കുള്ള വഴിയില്‍ കസോള്‍ എന്നൊരു ഗ്രാമം ഉണ്ടെന്നും ഇസ്രേയേല്‍ പൌരന്മാര്‍ കൂട്ടത്തോടെ താമസിക്കുന്ന ഒരു ഗ്രാമമാണ് ഇതെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ പോലും അറിയാതെ ബൈക്കിനു വേഗത കൂടി. വന്ന വഴി തന്നെ തിരിച്ചു പോകണം. കുളു വഴിയും മണിക്കിരണിലേക്ക് പോവാം. എന്നാല്‍ വന്ന വഴിയെ പോയാല്‍ വേറെ ഒന്ന് രണ്ടു ഗ്രാമങ്ങളും പോവാം. ജിയ എന്ന സ്ഥലത്ത് നിന്നാണ് കസോളില്‍ പോവേണ്ടത്. മാണ്ടിയില്‍ നിന്ന് വരുമ്പോള്‍ ബുന്ദര്‍ എന്ന സ്ഥലത്ത് നിന്നും തിരിഞ്ഞു വരുന്നതാണ് നല്ലതു.
മറ്റേതു ഹിമാലയന്‍ റോഡിനെ പോലെതന്നെയാണ് കസോളിലേക്കുള്ള റോഡും, പൊട്ടി പൊളിഞ്ഞും, അഗാതമായ കൊക്കകളും. വളരെ ചെറിയ റോഡില്‍ കൂടി രണ്ടു വാഹനങ്ങള്‍ പോകുന്നത് അത്ഭുതം തന്നെയാണ്. ഒരു പക്ഷേ ഹിമാലയന്‍ ഡ്രൈവര്‍മാര്‍ക്ക് മാത്രം സാദ്ധ്യമാവുന്നതവം ഇത്. ഒരു ഭാഗത്ത് പാര്‍വ്വതി നദിയും മറുഭാഗത്ത് പാര്‍വ്വതി വാലിയും. ജനവാസമില്ലാത്ത പ്രദേശത്ത്കൂടിയുള്ള യാത്ര ഒരു വേള വിരസമായി.ഇങ്ങനെയുള്ള സമയത്താണ് ഫാസിലിന്റെ "കമ്പികഥകള്‍" ആവിശ്യമായി വരിക. ഓഫീസിലെ പുതിയ കുട്ടിയുടെ അംഗവര്‍ണ്ണനയോ, അല്ലെങ്കില്‍ പുതിയ ഫോണ്‍ കൂട്ടുകാരിയെ കുറിച്ചോ അവനുണ്ടായിരുന്നെങ്കില്‍ വാചാലനാവുമായിരുന്നു.
ഇടക്കെപ്പെയോ കടന്നു പോയ ബസ്സീല്‍ നിന്നും യുവാക്കള്‍ കൈ വീശി വിഷ് ചെയ്തു. കസോള്‍ എത്തുന്നതിനു മുന്‍പ് ചെറിയ ഒരു കടയില്‍ ചായ കുടിക്കുമ്പോയാണ് ഒരു സംഘം ആളുകള്‍ വന്നു പരിചയപെട്ടത്. ട്രെക്കിങ്ങിനു വന്ന സംഘമായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ അടങ്ങിയ ടീം. കസോളില്‍ ഒരു ദിവസ്സം തങ്ങി പിറ്റേന്ന് ട്രെക്കിങ്ങിനു പോവാനാണ് അവരുടെ പരിപാടി. ഇനിയും എവിടെയെങ്കിലും വെച്ച് കാണാം എന്നും പറഞ്ഞു അവര്‍ ബസ്സില്‍ കയറി. യൂത്ത് ഹോസ്റ്റലിന്റെ ഒരു ബേസ് ക്യാമ്പ് കസോളില്‍ ഉണ്ട്. മേയ് മാസ്സങ്ങളില്‍ സാധാരണ യൂത്ത് ഹോസ്റ്റല്‍ "സര്‍ പാസ്" ട്രെക്കിംഗ് നടത്താറുണ്ട്. കസോളില്‍ ഇന്ന് രാത്രി തങ്ങാനാണു ഞാന്‍ വിചാരിക്കുന്നത്. അതിനു മുന്‍പെന്തെങ്കിലും കഴിക്കണം. ചായയും അത്ര തന്നെ സിഗരറ്റും മാത്രമാണ് കാര്യമായി വയറ്റിലുള്ളത്. അതിന്റെ പ്രധിഷേധം വയര്‍ അറിയിക്കുന്നുമുണ്ട്.
എന്റെ പ്രതീക്ഷകളെ അപ്പാടെ തകര്‍ക്കുന്നതായിരുന്നു കസോള്‍. ഇസ്രേയേലീകള്‍ അടക്കമുള്ള വിദേശികള്‍ കാരണം നടപ്പാതകള്‍ വരെ തിങ്ങുന്ന ഒരു കാഴ്യ്ച്ചയാണ് ഞാന്‍ മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ അവിടെ ഇവിടെയായി കറങ്ങി നടക്കുന്ന വിദേശികള്‍. ഹോം സ്റ്റേ തിരയുന്നവര്‍, എങ്ങോട്ടോ പോവാന്‍ വേണ്ടി നില്‍ക്കുന്നവര്‍ ഇത്രയുമാണ് കസോള്‍. ഇസ്രേയേല്‍ ഫുഡ് തന്നെ കഴിക്കാം എന്ന് കരുതി ഒരു കോഫീ ഷോപ്പില്‍ കയറി. കുറച്ചു പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. ഞാന്‍ മെനു കാര്‍ഡ് അന്വേഷിച്ചപ്പോള്‍ ഇസ്രയേല്‍ പൌരന്‍ എന്ന് കരുതാവുന്ന ഒരാള്‍ എന്നോട് പറഞ്ഞു "ക്ഷമിക്കണം, ഞങ്ങള്‍ ക്ലോസ് ചെയ്തു എന്ന് പറഞ്ഞു. എന്നാല്‍ എന്നെ കടന്നു വന്ന ചിലര്‍ ഓര്‍ഡര്‍ ചെയ്യുകയും ഒഴിഞ്ഞ സീറ്റില്‍ ഇരിക്കുകയും ചെയ്തു. കൌണ്ടറില്‍ ഇരിക്കുന്നവന്‍ എന്നെ ശ്രദ്ദിക്കുന്നെ ഇല്ല. ജാള്യതയോടെ ഞാന്‍ പുറത്തിറങ്ങി. കോഫീ ഷോപ്പിലേക്ക് ഒന്ന് കൂടെ നോക്കി. കൂടുതലും ഹിബ്രു ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഹിബ്രു തന്നെ ആവണം. ഒരു ഡബ്ബ പോലെ തോന്നിച്ച കടയില്‍ കയറി ഒരു സാന്‍ഡവിച്ചും കോഫിയും കഴിച്ചു. അവിടെയും ഹിബ്രുവില്‍ എഴുതിയിരിക്കുന്നു. പുറത്തെ ബോര്‍ഡില്‍ ഇന്ഗ്ലീഷും ഉണ്ട്.
പുറത്തിറങ്ങി ഒരു സിഗരറ്റും വലിച്ചു ഞാന്‍ പുറത്തെ കാഴ്ചകള്‍ ഒക്കെ കണ്ടു നിന്നു. ഒരാള്‍ കുറച്ചു വിറകുമായി റോഡരികില്‍ നില്‍ക്കുന്നു. വാഹനങ്ങള്‍ നിര്‍ത്തി പലരും അത് വാങ്ങുന്നു. മറ്റൊരാള്‍ വിറക് കീറുന്നു. ഈ ടൂറിസ്റ്റുകള്‍ എന്തിനാണ് വിറക് മേടിക്കുന്നത്? അവരുടെ അടുത്തു കുറച്ചു സമയം ചിലവഴിച്ചു. തിരക്ക് കുറഞ്ഞപ്പോള്‍ ഒരു ഹോം സ്റ്റേ കിട്ടാന്‍ വല്ല മാര്‍ഗമുണ്ടോ എന്നന്വേഷിച്ചു. അവര്‍ തമ്മില്‍ എന്തെക്കെയോ സംസാരിച്ചു. എനിക്കാ ഭാഷ അത്ര അപരിചിതമായിരുന്നില്ല. മാണ്ടിയില്‍ വെച്ചും കുളുവില്‍ വെച്ചും പ്രദേശവാസികള്‍ സംസാരിക്കുന്നതു കേട്ടിരുന്നു. അവസാനം എന്നോട് പറഞ്ഞു ഇവിടെ നിന്നും മുകളിലേക്ക് പോയാല്‍ ടെന്റ് കിട്ടും അത് വേണ്ടെങ്കില്‍ ജര്‍മ്മന്‍ ബേക്കറിയോട് ചേര്‍ന്ന് ഒരു ടൂറിസ്റ്റ് ഹോം ഉണ്ട്. അവരോടു നന്ദി പറഞ്ഞു ഞാനവരോട് ചോദിച്ചു,
ബയ്യാ, നീങ്ങള്‍ തമ്മില്‍ സംസാരിച്ചതു ഏതു ഭാഷയാണ്.
"പഹാഡി" എന്താ ചോദിക്കാന്‍ ?
"പഹാഡി" എന്താ ചോദിക്കാന്‍ ?
"ഒന്നുമില്ല ഒരു കൌതുകം. എന്തിനാണ് ഈ വിറകു ആളുകള്‍ മേടിക്കുന്നത്."
അത് "ബാര്‍ബിക്യൂ" വിനു വേണ്ടിയാണു.
സത്യത്തില്‍ ബാര്‍ബീക്യൂ എന്താണെന്നു എനിക്കറിയില്ലെങ്കിലും വീണ്ടും അവിടെ വിറകിനു തിരക്കായപ്പോള്‍ ഞാന്‍ മുകളിലേക്ക് ബൈക്ക് ഓടിച്ചു. കുറച്ചു ദൂരം ബൈക്ക് ഓടിച്ചതിന് ശേഷമാണ് എനിക്ക് ഒരു ടെന്റ് കിട്ടിയത്. ആയിരത്തി അഞ്ഞൂറ് രൂപയാണെന്ന് കരുതി ഞാന്‍ കുറച്ചു കുറക്കാന്‍ ആവിശ്യപെട്ടു. മനസ്സില്ലാ മനസോടെ അദേഹം നൂറു രൂപ കുറക്കാം എന്ന് പറഞ്ഞു. ആയിരത്തിന്റെ രണ്ടു നോട്ടു കൊടുത്തപ്പോള്‍ ആദ്യം എന്നെ സംശയത്തോടെ നോക്കി പിന്നീട് ആയിരത്തി ഇരുനൂറു രൂപ തിരിച്ചു തന്നു. സത്യത്തില്‍ അദേഹം പറഞ്ഞ തുക നാനൂറു രൂപ ആയിരുന്നു എനിക്കത് മനസ്സിലായില്ല എന്ന് മാത്രം. അപ്പുറത്തെ ടെന്റില്‍ നിന്നും "ഹായ്" എന്നൊരു ശബ്ദം. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വിദേശ വനിത. തിരിച്ചു ഒരു വിഷ് ചെയ്തു കാണാം എന്ന് പറഞ്ഞു ഞാന്‍ ടെന്റില്‍ കയറി.
( തുടരും)
( തുടരും)

Comments
Post a Comment