മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 4
പതിവിനു വിപരീതമായി ഫാസിലാണ് എന്നെ ഉണര്‍ത്തിയത്. ഏതോ മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളിയുടെ അവസാനത്തില്‍ എത്തിയിയിരിക്കുന്നു. എന്റെ വീടിന്റെ തൊട്ടടുത്തുതന്നെ ഒരു മസ്ജിദ് ഉണ്ട്. ഒരിക്കല്‍ അതിമനോഹരമായി ബാങ്ക് വിളികേട്ട നാട്ടുകാര്‍ അതാരാണെന്നു അന്വേഷിക്കുയുണ്ടായി. അഷ്‌റഫ്, അലിഗഡ് യൂണിവേയ്സിറ്റിയില്‍ പഠിക്കുന്ന ഒരു പയ്യനാണ്. ആശാന്‍ എന്റെ ആത്മമിത്രം കൂടിയാണ്. ആശയപരമായി ഞങ്ങള്‍ രണ്ടും വിത്യസ്ത ധ്രുവങ്ങളിലാണെങ്കിലും വര്‍ഷങ്ങളായുള്ള ബന്ധത്തിന്റെ ഊശ്മളത ഇന്നും നിലനില്‍ക്കുന്നുണ്ട്. മൂന്നോ-നാലോ ദിവസ്സത്തിനു ശേഷം അവന്‍ തിരിച്ചു പോയപ്പോള്‍ വീണ്ടും മുക്രിയുടെ കഠോരശബ്ദം മുഴങ്ങിയപ്പോയാണ് ബാങ്ക് ഇത്ര മനോഹരമായും വിളിക്കാം എന്ന് പലര്‍ക്കും മനസ്സിലായത്. ഇപ്പോയും അഷ്റഫിന്റെ വരവറിയിക്കുന്നത് ഈ മനോഹരമായ ബാങ്കാണ്.
മസാലദോശയും, ഫില്‍റ്റെര്‍ കോഫിയും കുടിച്ചാണ് അന്നത്തെ ദിവസ്സം തുടങ്ങിയത്. നടത്തിപ്പുകാരന്‍ നാഗൂര്‍ സ്വദേശി കാജയുമായി കുറച്ചു നേരം സംസാരിച്ചതിന് ശേഷം യാത്രപറഞ്ഞിറങ്ങി. നഗരത്തിലെത്തിയതും ആഗ്രയിലേക്കുള്ള ദൂരം അടയാളപെടുത്തിയ ബോര്‍ഡ് കണ്ടു, 120 കിലോമീറ്റര്‍. ഇന്ത്യയില്‍ യാത്രചെയ്യാന്‍ ഈ ബോര്‍ഡുകള്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. നാഷണല്‍ ഹൈവേ 3 ലൂടെ വാഹനങ്ങള്‍ അതിവേഗത്തില്‍ പോവുന്നുണ്ട്. ഇവിടെയൊന്നും ക്യാമറ ഇല്ലെന്നു തോന്നുന്നു. മുബൈയില്‍ നിന്നും ആഗ്ര വരെയാണ് ഈ ഹൈവേ. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു, ഉത്തര്‍പ്രദേശ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.മിത്തുകളും, ഐതിഹ്യവും കൊണ്ട് സമ്പന്നമാണ് ഉത്തര്‍പ്രദേശ്. ശ്രീരാമജന്മ സ്ഥലമെന്ന പേരില്‍ പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരു പോലെയുള്ളഅയോധ്യ, കൃഷ്ണന്റെ ജീവിതത്തിന്റെ ഭാഗമായ വൃന്ദാവനം തുടങ്ങി പുരാണങ്ങളിലെ പ്രധാന ഭാഗങ്ങളൊക്കെ ഇവിടെയാണ്.
യാത്രക്കിടയില്‍ പെട്ടെന്നൊരു ചിന്ത എന്നില്‍ കയറിക്കൂടി. ആദ്യം ഫത്തേപ്പൂര്‍ സിക്രി പോയതിനു ശേഷം ആഗ്രയിലേക്ക് പോവാം. സാധാരണഗതിയില്‍ ഒട്ടുമിക്കയാളുകളും ആഗ്രയില്‍ വന്നു ഫത്തേപ്പൂര്‍ സിക്രി കാണാതെ പോവുകയാണ് പതിവ്. ഫാസിലിന് പ്രതേകിച്ചു അപിപ്രായം ഒന്നുമില്ല. എല്ലാം എനിക്ക് വിട്ടിരിക്കുകയാണ്. താജ് കണ്ടതിനു ശേഷം നാട്ടിലേക്ക് തിരിച്ചാലോ എന്നൊരു ആഗ്രഹം കൂടി അവനുണ്ട്. ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്നും 35-40 കിലോമീറ്റര്‍ ദൂരമേ താജിലേക്കുണ്ടാവൂ. വിശ്വപ്രശസ്തമായ താജ്മഹല്‍ തന്നെയാണ് അഗ്രയുടെ മാറ്റ്കൂട്ടുന്നത്. മുഗള്‍ഭരണക്കാലത്താണ് ആഗ്ര ചരിത്രത്തിന്റെ ഭാഗമാവുന്നത്. ആഡംബരവും ആര്‍ഭാടവും നിറഞ്ഞ നിര്‍മ്മിതികള്‍ മുഴുവന്‍ സംഭാവന ചെയ്തത് മുഗളര്‍ തന്നെയാണ്.
മുഗളരിലെ പ്രമുഖനായ അക്ബറാണ് ഫത്തേര്‍പ്പൂര്‍ സിക്രിയുടെ നിര്‍മ്മാണത്തിനു മുന്‍കൈഎടുത്തത്. തന്റെ പിതാവോ, അല്ലെങ്കില്‍ തനിക്ക് മുന്‍പില്‍ ഭരണം കൈയ്യാളിയിരുന്നവരില്‍ നിന്നോ ഒരു പടി കൂടി മുന്നില്‍ നില്‍ക്കുന്ന നിര്‍മ്മിതിയാവണം താന്‍ ഉണ്ടാക്കേണ്ടത് എന്ന് ഏതൊരു മുഗളനെപോലെ തന്നെയാണ് അക്ബറും ചിന്തിച്ചത്. ആഗ്രാകോട്ടയുടെ നവീകരണപ്രവര്‍ത്തനവും ഫത്തേപ്പൂര്‍ സിക്രിയുടെ നിര്‍മ്മാണവും ഒരേ സമയത്താണ് നടന്നിരുന്നത്. യഥാര്‍ത്തത്തില്‍ ഫത്തേപ്പൂര്‍ സിക്രി കോട്ടകള്‍ പോലെയോ, താജ് പോലെയോ ഒരു നിര്‍മ്മിതിയല്ല. ഒരു ചെറിയ പട്ടണം എന്നോ, ഒരു ഗ്രാമം എന്നോ വിളിക്കാവുന്ന പ്രദേശമാണ്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഫത്തേപ്പൂര്‍ സിക്രി യുനൈസ്കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പെട്ടിട്ടിണ്ട്.
ഒരു നഗരം എന്ന നിലയില്‍ ഫത്തേപ്പൂര്‍ സിക്രി ഉപയോഗിക്കപെട്ടിട്ടില്ല. കുറച്ചു കാലം അക്ബറും കുടുംബവും പരിവാരസമ്മേതം താമസിച്ചു എന്ന് മാത്രം. പത്താന്‍ ഗോത്ത്രവുമായുള്ള അടിക്കടി ഉണ്ടാകുന്ന യുദ്ധങ്ങള്‍ കാരണം അക്ബര്‍ ഇവിടം വിടുകയും പിന്നീട് ഫത്തേപ്പൂര്‍ സിക്രി മുഴുവന്‍ സമയ കോടതിയായി പ്രവര്‍ത്തിക്കുകായിയിരുന്നു. പിന്നെടപ്പെയോ ആഗ്രയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ ജഹാംന്ഗീര്‍ ഇവിടെ താമസിക്കുകയുണ്ടായി.ആറുകിലോമീറ്റര്‍ നീളത്തില്‍ മൂന്നുവശവും മതിലുകളാല്‍ ചുറ്റപെട്ടതാണ് ഫത്തേപ്പൂര്‍ സിക്രി. ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത നിര്‍മ്മിതികലാണ് ഭൂരിപക്ഷവും. എഴു കവാടങ്ങള്‍ ആണ് ഇങ്ങോട്ട് പ്രവേശിക്കനുള്ളത്. കവാടങ്ങള്‍ കടന്നു ചെന്നാല്‍ വിശാലമായ അങ്കണത്തിലേക്ക് പ്രവേശിക്കും.
ടൂറിസ്റ്റുകള്‍ നന്നേ കുറവാണു. അഡല്‍സ് ഒണ്‍ലി സിനിമക്ക് ആളുകള്‍ നില്‍ക്കുന്നത് പോലെ അങ്ങിങ്ങ് ചിതറികിടക്കുന്നു. പൊതുജനങ്ങള്‍ക്കും വിദേശസഞ്ചാരികള്‍ക്കും വരാനും അക്ബറിനെ നേരിട്ട് കാണാനും ഇവിടെ സൗകര്യം ഉണ്ടായിരുന്നു.
ഇന്ന് അക്ബര്‍ ജീവിച്ചിരുന്നെങ്കില്‍, അതായതു ആ കാലഘട്ടം ഇന്നിലേക്ക് പറിച്ചുനട്ടാല്‍ ഇന്നത്തെ അതിഥി ഞാനയേനെ. കാതങ്ങള്‍ താണ്ടി നിലമ്പൂര്‍ രാജ്യത്തില്‍ നിന്നും നിരവധി രാജ്യങ്ങള്‍ കടന്നു അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സില്‍ വന്നു ചേര്‍ന്ന ഒരു സഞ്ചാരി. എത്ര മനോഹരമായിരിക്കും ആ രംഗങ്ങള്‍.
വിജനമായ അകത്തളങ്ങള്‍ ഒരു പ്രേതാലയം പോലെ തോന്നിക്കുന്നു. കനത്ത നിശബ്ദത. കുറച്ചുമാറി ആരോ ചുമക്കുന്ന ശബ്ദം. ഭാഗ്യം, ആരോ ഉണ്ട്. കുറച്ചു ദൂരം നടന്നെങ്കിലും ആരെയും കാണാന്‍ പറ്റിയില്ല. നൂറ്റാണ്ടുകള്‍ മുന്‍പുള്ള കൊട്ടാരങ്ങളില്‍ എക്കോ സംവിധാനം ഉണ്ടാവും. അതായത് പതിഞ്ഞ ശബ്ദം പോലും ഉയര്‍ന്നു കേള്‍ക്കാം. ചാരന്മാരെയും ഗൂഢാലോചനക്കാരെയും കണ്ടെത്താനുള്ള മാര്‍ഗം.
അകത്തു ചെറിയ ഒരു ജലസംഭരണി ഉണ്ട്. "അനൂപ് തലോവ്" മധ്യത്തില്‍ ചെറിയ ഒരു മണ്ഡപവും അതിനു ചുറ്റും പടവുകളില്‍ മനോഹരമായ ഒരു കുളം പോലെ മണ്ഡപവുമായി നാല് വഴികള്‍ ബന്ധിപ്പിക്കുന്നു. അതിനോട് ചേര്‍ന്ന് അക്ബറിന്റെ സ്വകാര്യ മുറിയും. ഈ കുളത്തില്‍ നിറയെ സ്വര്‍ണ-വെള്ളി നാണയങ്ങള്‍ ഉണ്ടായിരുന്നു എന്നും പിന്നീട് ജഹാംന്ഗീര്‍ അതെല്ലാം ദാനം ചെയ്തു എന്നൊരു കഥയും പ്രചരിക്കുന്നുണ്ട്.
അകത്തു ചെറിയ ഒരു ജലസംഭരണി ഉണ്ട്. "അനൂപ് തലോവ്" മധ്യത്തില്‍ ചെറിയ ഒരു മണ്ഡപവും അതിനു ചുറ്റും പടവുകളില്‍ മനോഹരമായ ഒരു കുളം പോലെ മണ്ഡപവുമായി നാല് വഴികള്‍ ബന്ധിപ്പിക്കുന്നു. അതിനോട് ചേര്‍ന്ന് അക്ബറിന്റെ സ്വകാര്യ മുറിയും. ഈ കുളത്തില്‍ നിറയെ സ്വര്‍ണ-വെള്ളി നാണയങ്ങള്‍ ഉണ്ടായിരുന്നു എന്നും പിന്നീട് ജഹാംന്ഗീര്‍ അതെല്ലാം ദാനം ചെയ്തു എന്നൊരു കഥയും പ്രചരിക്കുന്നുണ്ട്.
കുളത്തിനോട് ചേര്‍ന്ന് തന്നെയാണ് "പാഞ്ച് മഹല്‍" സ്ഥിതി ചെയ്യുന്നത്. വിനോദങ്ങള്‍ അന്ത:പുര സ്ത്രീകള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണു പാഞ്ച്‌മഹല്‍ നിര്‍മ്മിച്ചിര്‍ക്കുന്നത്. താഴ് ഭാഗം തുറന്ന പാഞ്ച്മഹലിന് അഞ്ചു നിലകള്‍ ആണുള്ളത്. മുകളിലേക്ക് പോവുന്നതിനനുസരിച്ചു വലിപ്പം കുറഞ്ഞു വരുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.
പൊതുവേ മതേതരന്‍ എന്നാണ് ചരിത്രത്തില്‍ അക്ബറിനെ വാഴ്ത്തുന്നത്. ഇതിനെ സാധൂകരിക്കുന്ന വിധം എല്ലാ മതസ്ഥരില്‍ നിന്നും സുന്ദരിമാരെ അക്ബര്‍ വിവാഹം ചെയ്യുകയോ ഒരുമിച്ചു ജീവിക്കുകയോ ചെയ്തിട്ടുണ്ട്. ആ ഭാര്യമാര്‍ക്ക് വേണ്ടിയും ഇവിടെ കൊട്ടാരങ്ങള്‍ അക്ബര്‍ പണിതിട്ടുണ്ട്. അക്ബറിന്റെ ഹിന്ദു ഭാര്യയായിരുന്ന ജോദാഭായിയുടെ കൊട്ടാരം എന്ന പേരില്‍ ഇവിടെ രണ്ടു നിര്‍മ്മിതികള്‍ ഉണ്ട്. ജോദാഭായ് പാലസ്സും, മറിയം സ്സമാനിയ പാലസും. ഇവ തമ്മിലുള്ള വൈരുധ്യം പ്രകടമാണ്. അതിന്റെ കാരണം കുറച്ചു പ്രായമുള്ള ഒരാളോട് തിരക്കിയെങ്കിലും അദേഹം കൈമലര്‍ത്തി. മറ്റൊരു പ്രധാന കെട്ടിടം ബീര്‍ബല്‍ മഹല്‍ ആണ്. കുറിക്കു കൊള്ളുന്ന നര്‍മ്മങ്ങങ്ങള്‍ കൊണ്ട് പ്രശ്തനായ ബീര്‍ബലിന്റെ പേരിലുള്ള ഈ കൊട്ടാരത്തില്‍ താമസിച്ചിരുന്നത് അക്ബറിന്റെ ഭാര്യമാര്‍ ആയിരുന്ന റുഖിയയും സല്‍മയും ആണ്.
ഇത്രയും സമയത്തെ നടത്തം എന്നെ ക്ഷീണിപ്പിച്ചിരുന്നു. മാത്രമല്ല കഠിനമായ വെയിലും. എന്റെ കുര്‍ത്ത വിയര്‍പ്പില്‍ കുതിര്‍ന്നു നനഞ്ഞിരുന്നു. അടിവസ്ത്രങ്ങളുടെ നനവ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. നെറ്റിയില്‍ നിന്നും വിയര്‍പ്പു കണ്ണിലേക്കു ഇറങ്ങി കണ്ണ് പുകയുന്നുണ്ട്. ഒരു മസ്ജിദും കൂടി കാണാന്‍ ഉണ്ട്. കുറച്ചു ദൂരം നടക്കണം. ഗ്വാളയോരിലെ ഒരു ദിവസത്തെ വിശ്രമം ഫാസിലിനെ ഉത്തേജിപ്പിച്ചു എന്ന് തോന്നുന്നു. അവന്‍ വെയിലോന്നും പ്രശ്നമല്ലാത്ത വിധം ഉത്സാഹത്തോടെ നടക്കുന്നുണ്ട്. അവന്റെ മുന്‍പിലായി ഒരു കൂട്ടം പെണ്‍പട പോവുന്നുണ്ട്. ചിലപ്പോള്‍ അതായിരിക്കും ഫാസിലിന്റെ ഉത്സാഹത്തിനു കാരണം. അതൊരു ഗുജറാത്തി ഗ്രൂപ്പ് ആയിരുന്നു. കൂട്ടാത്തിലെ സുന്ദരിയായ ഒരു യുവതി വലത്തോട്ടാണ് സാരി ഉടുത്തിരിക്കുന്നതു, അതാണ് അതൊരു ഗുജറാത്തി ഗ്രൂപ്പ് ആണെന്ന് ഞാന്‍ ഊഹിക്കാന്‍ കാരണം.
"ബുലന്ദ് ദര്‍വാസ" കടന്നും മസ്ജിദിലേക്ക് പ്രവേശിക്കാം. അക്ബറിന്റെ ഗുജറാത്ത് വിജയത്തിന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണു ഈ കവാടം ഉണ്ടാക്കിയിരിക്കുന്നത്. പേര്‍ഷ്യന്‍ ലിപിയില്‍ എന്തെക്കൊയോ എഴുതി വെച്ചിരിക്കുന്നു. പതിനഞ്ചു നിലകളുള്ള ഈ കവാടത്തിന്റെ അകത്തു വെളുപ്പും കറുപ്പിലുമുള്ള മാര്ബിനിലാല്‍ അലങ്കരിച്ചിരിക്കുന്നു.
സുന്നി മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടിയാണു ഈ മസ്ജിദ് ഉണ്ടാക്കിയത്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ ഉള്ളവരുമായി അക്ബര്‍ ഇവിടെ വെച്ച് സംവധിക്കുമായിരുന്നു. എന്നാല്‍ പിന്നീട വിശ്വാസികള്‍ തമ്മിലുള്ള അപിപ്രായ വിത്യാസങ്ങള്‍ മൂലം എല്ലാവര്ക്കും മസ്ജിദ് തുറന്നു കൊടുത്തു.
സുന്നി മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടിയാണു ഈ മസ്ജിദ് ഉണ്ടാക്കിയത്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ ഉള്ളവരുമായി അക്ബര്‍ ഇവിടെ വെച്ച് സംവധിക്കുമായിരുന്നു. എന്നാല്‍ പിന്നീട വിശ്വാസികള്‍ തമ്മിലുള്ള അപിപ്രായ വിത്യാസങ്ങള്‍ മൂലം എല്ലാവര്ക്കും മസ്ജിദ് തുറന്നു കൊടുത്തു.
മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍ 'അക്ബര്‍ ദീന്‍ ഇലാഹി' എന്നൊരു മതത്തിന് രൂപം കൊടുത്തു. എല്ലാ മതങ്ങളുടെയും നല്ല വശങ്ങള്‍ മാത്രം എടുത്തായിരുന്നു ദീന്‍ ഇലാഹി. എന്നാല്‍ ചുരുക്കം ചിലരോഴികെ ആരും ഇത് സ്വീകരിക്കാന്‍ മുന്നോട്ടു വന്നില്ല. മസ്ജിദിനോടു ചേര്‍ന്നു ഒരു ശവകുടീരമുണ്ട്. ഷേക്ക് സലിമിന്റെ ദര്‍ഗയാണത്. അക്ബറിന്റെ ആതമീയ ഗുരുവായ സലീമിന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ് അക്ബറിന് സന്താന സൌഭാഗ്യം ലഭിച്ചത് എന്നാണ് കരുതുന്നത്. എല്ലാ ദര്‍ഗകളെയും പോലെ സംഭാവന സ്വീകരിക്കാന്‍ ഒരാളുമുണ്ട്.
ആഗ്രയിലേക്കുള്ള വഴിയില്‍ വെച്ച് കറുത്ത പുക തള്ളികൊണ്ട് പോകുന്ന ഒരു വാഹനത്തെ കണ്ടു. വാഹനം എന്ന് പറയാന്‍ കഴിയില്ല. മൂന്നു ടയറും സൈക്കിള്റിക്ഷയോട് സാമ്യം തോന്നുന്ന ഒരു വണ്ടി. വെള്ളം പമ്പ് ചെയ്യുന്ന ഡീസല്‍ മോട്ടോര്‍ വെച്ചാണ് വണ്ടി ഓടിക്കുന്നത്. കറുത്ത പുകയും ശബ്ദവും ശല്യമെങ്കിലും അതും യാത്രക്ക് ഉപകരിക്കുന്നു. ജുഗ്ഗര്‍ എന്നാണിതിന്റെ പേര്. രജിസ്ട്രേഷനോ ഇന്‍ഷുറോ ഇല്ലാത്ത ഈ വാഹനം ഉത്തര്‍പ്രദേശിന്റെ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്യ്ച്ചയാണ്.
താജിന്റെ പരിസരത്ത് എത്തുമ്പോയെക്കും ഞാനാകെ ക്ഷീണിച്ചിരുന്നു. എത്രയോ തവണ താജ്മഹല്‍ കണ്ടിരിക്കുന്നു. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു ഒരു ക്യാമ്പിന്റെ പേരും പറഞ്ഞു കേരള എക്സ്പ്രസ്സില്‍ ഡല്‍ഹിയിലേക്കും അവിടെ നിന്ന് അഗ്രയിലെക്കും. അതായിരുന്നു ആദ്യത്തെ ദീര്‍ഘദൂര യാത്ര. അതിനു ശേഷം പലതതവണ ഇവിടം വന്നിട്ടുണ്ട്.ശരിക്കും താജ് ഒരു അത്ഭുതമാണോ?
എനിക്കറിയില്ല. പക്ഷേ ഒന്നുണ്ട്, താജിന്റെ പൊലിമയില്‍ വെണ്മ നഷ്ടപെട്ട ഒത്തിരി നിര്‍മ്മിതികള്‍ ഉണ്ട്.
കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ വരുന്നവര്‍ ആഗ്രയില്‍ ഇറങ്ങിയാല്‍ ഒരു ദിവസ്സം ലഭിക്കാം. കാരണം ഡല്‍ഹിയില്‍ നിന്നും ഇരുന്നൂര്‍ കിലോമീറ്റര്‍ അകലത്തിലാണ്ആഗ്ര. അതയത് രണ്ടു മണിക്കൂര്‍ യാത്രയുണ്ട്. ആഗ്രയില്‍ നിന്ന് താജ് എക്ഷ്പ്രെസ്സില് കയറിയാല്‍ സുഖമായി ഡല്‍ഹി പിടിക്കുകയും ആവാം.
ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് ചങ്ങല കൊണ്ട് ബന്ധിച്ചതിനു ശേഷം താജ് ലക്ഷ്യമാക്കി നടന്നു. ഫാസിലിന്റെ നിര്‍ബന്ധപ്രകാരം ഒട്ടകം വലിക്കുന്ന വണ്ടിയിലാണ് പോയത്. കുതിര, ഒട്ടകം, ഇലെക്ട്രോണിക്ക് കാര്‍ എന്നിവയൊക്കെ ലഭ്യമാണ്. കുതിരവണ്ടി നിര്‍ത്തുന്നിടത്തു വീണ്ടും നടക്കണം. ആദ്യമായി താജ്മഹല്‍ കാണുമ്പോയുണ്ടാവുന്ന എല്ലാ വെഗ്രതയും ഫാസിലിന്റെ മുഖത്തു ഞാന്‍ കണ്ടു. പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ആകാംഷയിലൂടെ തന്നെയാണ് ഞാനും കടന്നുപോയിരുന്നത്.
കനത്ത സെക്യൂരിട്ടിയാണ് താജിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ളത്. അത് കഴിഞ്ഞു ചെറിയ പൂന്തോട്ടങ്ങളുടെ നടുവിലൂടെ ചെന്നാല്‍ ഒരു കവാടം. ആ കവാടത്തില്‍ നിന്നും നോക്കിയാല്‍ ദൂരെ വെണ്ണകല്ലില്‍ കൊത്തിയ ആ മഹാസൌധം. ഷാജഹാന്‍ തന്റെ പ്രിയതമക്ക് വേണ്ടി പ്രണയം ചാലിച്ച് വര്‍ഷങ്ങളുടെ പ്രയതനം കൊണ്ട് ഉണ്ടാക്കിയ ലോകാത്ഭുതമായ, താജ്മഹല്‍. താജിന്റെ അടുത്തേക്കുള്ള പ്രയാണത്തില്‍ ഞങ്ങളുടെ കൂടെ സ്വദേശികളും വിദേശികളും ഉണ്ടായിരുന്നു.
(തുടരും)
Comments
Post a Comment