Skip to main content

Motor Cycle Diaries - Part 7 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്-7
കാലത്ത് തന്നെ നീണ്ട ബെല്‍ കേട്ടാണ് ഉണര്‍ന്നത്. സമയം എഴുമണി ആകുന്നതതെ ഒള്ളൂ. വെളുക്കനെ ചിരിച്ചു കൊണ്ട് റിഷപ്സനില്‍ ഇരുന്നയാള്‍. കയ്യില്‍ രണ്ടു കാപ്പി കപ്പും. നല്ലൊരു പ്രഭാതം ആശംസിച്ചു അയാള്‍ പോയി. അയാളുടെ ബുദ്ധികൂര്‍മ്മതയില്‍ എനിക്ക് മതിപ്പ് തോന്നി. ഞങ്ങളെ ഉണര്‍ത്തി എത്രയും വേഗം റൂം വെക്കേറ്റ് ചെയ്യിപ്പിക്കുക എന്നതാണ് ഈ ചായയുടെ ഉദേശം, ഞങ്ങളുടെ മുഷിച്ചില്‍ ഈ ചായയില്‍ ഇല്ലാതാവും എന്ന് കരുതികാണും. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥനോ പകല്‍ ജോലി ചെയ്യുന്ന ആളോ വരാനായി കാണണം. അയാളുടെ ടെന്‍ഷന്‍ കൂട്ടണ്ട എന്ന് കരുതി എത്രയും പെട്ടെന്ന് തന്നെ അവിടിന്നിറങ്ങി.
പ്രഭാതഭക്ഷണം കഴിച്ച കടയുടെ എതിര്‍വശത്തായി ഒരു കടയില്‍ വെളുത്ത കാന്‍ കണ്ടു. രണ്ടു കാനും മേടിച്ചു. ഒന്നിന് എഴുപത് രൂപ. നഗരങ്ങളിലെ വ്യാപാരികള്‍ക്കു കൂടുതല്‍ ലാഭം എന്ന മന്ത്രം മാത്രമേ കാണൂ, അത് ഇന്ത്യയില്‍ എവിടെ ആണെങ്കിലും. ഉയര്‍ന്ന വാടകയും മറ്റും മാത്രമല്ല അതിനവരെ പ്രേരിപ്പിക്കുന്നത്. ഉപഭോകതാവ് സമ്പന്നന്‍ ആണെന്ന ധാരണയും ഇവനല്ലെങ്കില്‍ വേറൊരുത്തന്‍ വരും എന്ന ശുഭാപ്തി വിശ്വാസവും. വേണമെങ്കില്‍ മേടിച്ചാല്‍ മതി എന്നൊരു ഭാവം അയാളുടെ മുഖത്തു എഴുതിവെച്ചിരുന്നു. കാനുകള്‍ കുറച്ചു ബുദ്ധിമുട്ടിയാണ് കാരിയറില്‍ പിടിപ്പിച്ചത്. കാരിയറില്‍ കാന്‍ വെക്കാനുള്ള ഭാഗം ചെറുതായി പോയിരിക്കുന്നു. ടൈറ്റായി ഇരിക്കുന്നത് കാരണം ഇനി കെട്ടിവെക്കേണ്ട കാര്യമില്ല.
ഫാസിലിനെ റെയില്‍വേ സ്റ്റേഷനില്‍ വിട്ടു ഞാന്‍ മുന്നോട്ടു പോയി. ചണ്ഡിഗടില്‍ നിന്നും പുറത്തു കടക്കാന്‍ വളരെ എളുപ്പമാണ്. ഓരോ കിലോമീറ്റര്‍ ദൂരം പിന്നിട്ടാലും ലാന്‍ഡ്‌മാര്‍ക്ക് അടയാളപെടുത്തിയ ബോര്‍ഡ് കാണാം. ചെറിയ ഒരു മാപ്പ്. ചുവന്ന അടയാളത്തില്‍ നമ്മള്‍ നില്‍ക്കുന്ന സ്ഥലം കാണിക്കും. ഗൂഗിള്‍ മാപ്പിനോട്‌ കിടപിടിക്കുന്ന സംവിധാനം. അതില്‍ നോക്കി ഹൈവേ പിടിച്ചു. റോഡ്‌ രണ്ടായി മുറിയുന്നു, ഷിംലയിലേക്കും മനാലിയിലേക്കും. മനാലി റോഡില്‍ കുറച്ചു ദൂരം പിന്നിട്ടതും മുന്നോട്ടുള്ള പ്രയാണം ദുര്‍ഘടം ആവും എന്ന് വിളിച്ചു പറയും പോലെ റോഡ്‌ പൊട്ടി പൊളിഞ്ഞിരിക്കുന്നു..
ട്രക്കുകളുടെ അതിബാഹുല്യം കാരണം വല്ലാതെ പ്രയാസപ്പെട്ടു. ഓരോ തവണ ട്രെക്കിനെ മറികടന്നു പോവാന്‍ ശ്രമിക്കുമ്പോയും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ കാരണം പരാജിതനായി പോവും. പൊട്ടി പൊളിഞ്ഞ റോഡിലെ പൊടി തിന്നു കൊണ്ട് ഒരു വിധേന മുന്നോട്ടു പോയി. ബൈക്കിനു എന്തോ ഒരു പ്രശ്നം അനുഭവപെടുന്നുണ്ട്. എന്താണെന്നു മാത്രം മനസ്സിലാകുന്നില്ല. ഇങ്ങനെയുള്ള സമയങ്ങളിലാണ് രബിയുടെ അസാന്നിധ്യം അനുഭവപെടുക. ചുരം കയറിതുടങ്ങിയപ്പോയാണ് ചെയിനിന് പഴയ മുറുക്കമില്ല എന്ന് മനസ്സിലായത്. മാണ്ടിയില്‍ എത്തിയതിനു ശേഷം എന്‍ഫീല്‍ഡിന്റെ വര്‍ക്ക്‌ ഷോപ്പില്‍ ബൈക്ക് കാണിച്ചു. പ്രശന്മോന്നുമില്ല. മെക്കാനിക്ക് രത്തന്‍ ഭായ് കാശൊന്നും വാങ്ങാന്‍ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചപ്പോള്‍ ഒരു ചായ കുടിക്കാം എന്ന് പറഞ്ഞു. സംസാരത്തിനിടക്ക്‌ മാണ്ടിയെകുറിച്ച് ചെറുതായി സൂചിപ്പിക്കുകയും ചെയ്തു.
വളരെ ചെറിയ ഒരു പട്ടണമാണ് മാണ്ടി. പക്ഷേ ഹൈന്ദവവിശ്വാസികള്‍ക്ക് മാണ്ടി ഒരു പ്രധാന സ്ഥലം കൂടിയാണ്. കരിങ്കല്ലില്‍ തീര്‍ത്ത മൂന്നുറിലധികം ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ട്. ചെറിയ ഒരു വാരാണസി എന്ന് പറഞ്ഞാലും തെറ്റില്ല. എത്രയോ തവണ ഇത് വഴി പോയിരിക്കുന്നു. എന്നാലും ഒരിക്കല്‍ പോലും ഇവിടെ ഇറങ്ങാത്തതില്‍ നഷ്ടബോധം തോന്നി. രത്തന്‍ ഭായിയുടെ മൊബൈലില്‍ പുള്ളി ഓരോ ക്ഷേത്രങ്ങളും കാണിച്ചു തന്നു. മനോഹരചിത്രങ്ങള്‍. സ്ക്രോള്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്കിടയില്‍ പെട്ടെന്നൊരു ചിത്രം കണ്ണിലുടക്കി. ഒരു മനോഹരമായ തടാകം.
രത്തന്‍ ഭായ് ഇതെവിടെയാണ് ?
ഓ.... അത് പ്രഷാര്‍ തടാകമാണ്‌. എന്റെ വീടിന്റെ അടുത്ത്. കുറച്ചു ദൂരമുണ്ട്.
എത്ര?
നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍. എന്താ പോവാന്‍ താല്പര്യംഉണ്ടോ ?
താല്പര്യമൊക്കെയുണ്ട് ഭായ്. പക്ഷേ ഇത്ര ദൂരമില്ലേ. ഇനി അടുത്ത വരവില്‍ ആവട്ടെ.
രത്തന്‍ ഭായിയോട് യാത്ര പറഞ്ഞിറങ്ങി. പന്ത്രണ്ടു മണി ആവുന്നതെ ഒള്ളൂ. ആ തടാകം മനസ്സില്‍ തന്നെ കിടന്നു അസ്വസ്ഥത പെടുത്തുന്നു. തിരിച്ചു പോയി അതൊന്നു കണ്ടാലോ. എത്ര വൈകി മനാലിയില്‍ എത്തിയാലും ബില്‍ബന്ദര്‍ ഉള്ളത് കൊണ്ട് താമസം പ്രശ്നമാവില്ല. ഞാന്‍ ബൈക്ക് തിരിച്ചു. എന്നെ കണ്ടതും രത്തന്‍ ഭായി ചിരിച്ചു. എന്നിട്ടെന്നോട് പറഞ്ഞു
"എനിക്കറിയാമായിരുന്നു നീങ്ങള്‍ തിരിച്ചുവരുമെന്ന്".
വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കുന്നിടക്ക് അദേഹം ഒരു ഫോണ്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു "ഇതെന്റെ മകന്റെ നമ്പര്‍ ആണ്. അവന്‍ നിങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തു തരും". എനിക്കിതില്‍ പരം സന്തോഷം ഇല്ല. ഭായ് പറഞ്ഞ വഴിയില്‍ കൂടി മുന്നോട്ടു പോയി.
കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ ആ പയ്യന്‍ എന്നെ ഫോണില്‍ വിളിച്ചു എവിടെ എത്തി എന്ന് ചോദിച്ചു. സ്ഥലം കൃത്യമായി അറിയാത്തതിനാല്‍ ചില അടയാളങ്ങള്‍ പറഞ്ഞു കൊടുത്തു.
എന്നോട് അവിടെ നില്ക്കാന്‍ പറഞ്ഞു. അഞ്ചു മിനിറ്റില്‍ അവന്‍ വന്നു. എന്നോട് ബൈക്ക് ഒതുക്കി വെച്ചിട്ട് അവന്റെ പുറകില്‍ കയറാന്‍ പറഞ്ഞു. ഞാനൊന്നു സംശയിച്ചു നിന്നെങ്കിലും "പേടിക്കണ്ട ഭയ്യാ നമ്മുടെ സ്ഥലം തന്നെയാണ് എന്ന് പറഞ്ഞു".
എതെക്കെയോ വഴിയില്‍ കൂടി പോയി ഒരിടത്ത് ബൈക്ക് നിര്‍ത്തി എന്നോട് പറഞ്ഞു ഇനി കുറച്ചു നടക്കണം. കുറച്ചോന്നുമല്ല നടന്നത്. ഇടക്ക് ഞാന്‍ നിന്ന് കിതച്ചു. മറ്റൊരു ഭാഗത്ത് കൂടി ട്രെക്കിംഗ് നടത്തുന്നവര്‍ കയറി വരുന്നുണ്ടായിരുന്നു. കിതച്ചും നിന്നും ഒരു വിധം കുന്നിന്റെ മുകളില്‍ എത്തി. എന്തൊരു കാഴ്ചയാണ്, ചെമ്പ്രപീക്കിനോട് സാമ്യമുള്ള തടാകം. ആ കാഴ്ച്ചയെ വര്‍ണ്ണിക്കാന്‍ ആവില്ല. ഒട്ടും സമയം കളയാതെ ഞങ്ങള്‍ തിരിച്ചിറങ്ങി. ഇറങ്ങുന്ന വഴിക്ക് ആ പയ്യന്‍ നിര്‍ത്താതെ സംസാരിക്കുന്നുണ്ട്. സന്യാസി ആയിരുന്ന പ്രഷാര്‍ ഇവിടെ തപസ്സിരുന്നു എന്നാണ് വിശ്വാസം. ശൈത്യക്കാലത്ത് ഈ തടാകം മുഴുവന്‍ മഞ്ഞുമൂടും, തിരിച്ചിറങ്ങുമ്പോള്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തെ കുറിച്ചും ഭൂധനക്ഷേത്രത്തെ കുറിച്ചും സംസാരിക്കുന്നുണ്ടായിരുന്നു. ബൈക്ക് അവിടെ തന്നെ കാണുമോ എന്ന ചിന്തയിലുള്ള ഞാന്‍ അതിനെല്ലാം വെറുതെ മൂളി.
ഭാഗ്യം, ബൈക്ക് അവിടെത്തന്നെ ഉണ്ട്. ഭായിയുടെ മകന് അഞ്ഞൂറ് രൂപ കൊടുത്ത് അച്ഛന്‍ അറിയണ്ട എന്നും പറഞ്ഞു ഞാന്‍ കുളുവിലേക്ക് യാത്ര തിരിച്ചു. ഇനിയൊരിക്കല്‍ മാണ്ടിയില്‍ വരണം എന്നും മനസ്സില്‍ കരുതിയിരുന്നു.
മനോഹരമായ സ്ഥലങ്ങള്‍ കടന്നാണ് റോഡ്‌ പോവുന്നത്. ഇടയ്ക്കു ഒരു നീര്‍ചാലും കാണുന്നുണ്ട്. അതാണ് ബിയാസ് നദി. ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ വലിയ ശക്തിയോന്നുമില്ലതെയാണ് ഒഴുക്ക്. എന്നാല്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ വലിയ ഒരു ഡാം കണ്ടു. ബിയാസ് നദിയുടെ ഒഴുക്കിനെ തടസ്സപെടുത്തുന്നത് ഈ ഡാം ആണ്. ബിയാസ്സിനെ മാറ്റി നിര്‍ത്തിയുള്ള ഒരു ചരിത്രവും ഹിമാലയത്തിനു പറയാന്‍ ഉണ്ടാവില്ല. രോഹിത്താങ്ങ് മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ബിയാസ് സിന്ധുനദിയുടെ പ്രധാന പോഷകനദികളില്‍ ഒന്നാണ്. ഏകദേശം നാനൂറ്റി എഴുപതു കിലോമീറ്റര്‍ ദൂരമാണ് ബിയാസ് ഒഴുകുന്നത്. മഹാഭാരതത്തില്‍ "വിപാശ" എന്ന പേരിലറിയപെടുന്നതു ബിയാസ് തന്നെയാണ്.
വസിഷ്ഠ മുനി മിത്രസഹനെ ശപിക്കുകയും ഇതിനു പകരം വീട്ടാന്‍ വേണ്ടി രാക്ഷസരൂപത്തില്‍ വന്ന മിത്രസഹന്‍ വസിഷ്ഠന്റെ നൂറ്റിഒന്ന് മക്കളെ കൊന്നു ഭക്ഷിച്ചു. ഇതില്‍ ദുഃഖര്‍ത്തനായ മുനി സ്വന്തം ശരീരം കയറിനാല്‍ ബന്ധിച്ചു നദിയില്‍ ചാടി. എന്നാല്‍ നദി ജലതരംഗങ്ങള്‍ കൊണ്ട് കയറു തകര്‍ത്തു വസിഷ്ടനെ രക്ഷിച്ചു എന്നാണ് മഹാഭാരത കഥ. "പാശം" എന്നതിന് കയര്‍ എന്നാണ് അര്‍ഥം.
ഡാമിന്റെ അടുത്തു ബൈക്ക് ഒതുക്കാന്‍ ശ്രമിച്ചപ്പോയെക്കും ഒരു പട്ടാളക്കാരന്‍ അവിടെ നിര്‍ത്തരുതെന്നു പറഞ്ഞു. ഒരു രണ്ടു മിനിറ്റ് എന്ന് പറഞ്ഞപ്പോയെക്കും എനിക്ക് അറിയാത്ത ഒരു ഭാഷയില്‍ എന്തോ പറഞ്ഞു. തെറി തന്നെ ആവണം, തെറി ഏതു ഭാഷയില്‍ കേട്ടാലും മനസ്സിലാകുമല്ലോ. ഡാമിനെ ക്രോസ് ചെയ്തു പോകുമ്പോള്‍ കാറില്‍ നിന്നിറങ്ങിയ ഒരു സ്ത്രീ പട്ടാളക്കാരനോട്‌ എന്തോ ചോദിക്കുകയും, ആ സ്ത്രീ ക്യാമറ എടുത്തു ഡാമിന്റെ അടുത്തു പോവുകയും ചെയ്തു. അപ്പോള്‍ അതാണ് കാര്യം. ബൈക്ക് മാത്രമാണ് പ്രശ്നം. ഡാമിന്റെ അപ്പുറത്ത് പോയി കുറച്ചു സമയം ഇരുന്നു. ഈ ഡാമാണ് ഹിമാചലിന്റെ റിമോട്ട് വില്ലേജില്‍ വരെ വൈദ്യുതി എത്തിക്കുന്നത്.
മുന്നോട്ടു പോകുന്തോറും ചെങ്കുത്തായ പാറകള്‍ക്കിടയിലൂടെ വെട്ടിയ റോഡിലൂടെയാണ് യാത്ര. താഴെ ബിയാസ് ഒഴുകുന്നു. അപകട സാധ്യത വളരെ കൂടുതല്‍ ആണെങ്കിലും പറയത്തക്ക അപകടങ്ങള്‍ ഇവിടെ നടക്കാറില്ല. ഗ്ലൌസിട്ടതു കാരണം കൈക്ക് വല്ലാത്ത അസ്വസ്ഥത. ഒരു കടയില്‍ കയറി ചായകുടിച്ചു സിഗരറ്റും വലിച്ചിരിക്കുമ്പോയാണ് ആരോ ഡ്രമ്മില്‍ അടിക്കുന്ന ശബ്ദം കേള്‍ക്കുന്നത്. ബിയാസ്സിന്റെ മറുകരയില്‍ ഉള്ള അമ്പലത്തില്‍ നിന്നുള്ള സംഘമാണ്. ഹനുമാന്‍ ആണെന്ന് തോന്നുന്നു പ്രതിഷ്ട. അല്ലെങ്കില്‍ എനിക്ക് പരിചയമില്ലാത്ത മറ്റൊരു കഥാപാത്രം. സംഭാവനാപിരിവും ഉണ്ട്. അമ്പലവുമായി യോജിപ്പിച്ച് കൊണ്ട് ഒരു മനോഹരമയ തൂക്കുപാലവും ഉണ്ട്. ഇത്രയും വലിയ ഒരു സംഘം നടക്കുന്നത് കാരണം പാലം ഉലയുന്നുണ്ട്. എന്നാല്‍ അതിന്റെ ഒരു പ്രശ്നവും ആര്‍ക്കുമില്ല.
യാത്രാമദ്ധ്യേ ഇടക്കും തലക്കും കൊടികള്‍ പാറിച്ചുകൊണ്ടു ബൈക്കുകള്‍ പോവുന്നുണ്ട്. ആദ്യം കരുതിയത്‌ ലേയിലേക്കുള്ളവര്‍ ആണെന്നാണ്. എന്നാല്‍ പിന്നീട് വഴിവക്കില്‍ നിര്‍ത്തിയിട്ട ചില ബൈക്കുകാര്‍ ആണ് പറഞ്ഞതു ഞങ്ങള്‍ തീര്‍ത്ഥാടകര്‍ ആണെന്നും മണിക്കിരണിലേക്ക് പോവുകായാണെന്നും." മണിക്കിരന്‍" ഈ പേര് ആദ്യമായി കേള്‍ക്കുന്നത് രബിയുടെ നാവില്‍ നിന്നാണ്.
പല കുറി രബി എന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഗുരുദ്വാരയില്‍ പ്രതേകിച്ചു എന്തുണ്ടാവാനാ എന്ന ധാരണയില്‍ അതൊക്കെ വേണ്ടെന്നു വെക്കുകയായിരുന്നു. ഈ മണിക്കിരണ് ഇത്ര വലിയ സംഗതിയാണോ ?. മണിക്കിരണെക്കുറിച്ചാലോചിച്ച ഞാന്‍ മുന്‍പിലുള്ള തുരങ്കം ഒരു നിമിഷത്തില്‍ വിട്ടുപോയി.പെട്ടെന്ന് ബ്രേക്ക് ചെയ്തത് കാരണം പുറകിലുള്ള കാര്‍ ടയര്‍ ഉരച്ചുകൊണ്ട് നിര്‍ത്തി. എന്നെ രൂക്ഷമായി നോക്കികൊണ്ട് അതിന്റെ ഡ്രൈവര്‍ തുരങ്കത്തിലേക്ക് കയറി.
തുടരും)


Comments

Popular posts from this blog

Motor Cycle Diaries - Part 8 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 8 ട്രെക്കിന്റെ പിറകെ ഒരകലമിട്ടു ഞാനും തുരങ്കത്തിലേക്ക് കയറി. മൂന്നു കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം. മാണ്ടിയും കുളുവും തമ്മിലുള്ള ദൂരം പരമാവതി കുറഞ്ഞതില്‍ ഈ തുരങ്കത്തിന്റെ പങ്കു വളരെ വലുതാണ്. അകത്തു ചെറിയ വെട്ടം മാത്രമേ ഒള്ളൂ. ഞാന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. തുരങ്കത്തിന്റെ മുകളിലും, വശങ്ങളിലും ഉരുക്ക് കമ്പികള്‍ കൊണ്ട് ഒരു നെറ്റ് പോലെ പിടിപ്പിച്ചിട്ടുണ്ട്. പാറകഷ്ണങ്ങള്‍ ഉതിര്‍ന്നു വീണു അപകടം ഉണ്ടാവതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്. ഈ തുരങ്കത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ബി.ആര്‍.ഒ യുടെ കൈവശമാണ്. തുരങ്കം കഴിഞ്ഞിറങ്ങുന്നത് കുളു താഴ്വരയിലേക്ക് ആണ്. അരികിലൂടെ ബിയാസ് ഒഴുകുന്നുണ്ട്. "ദൈവങ്ങളുടെ താഴ്വര" എന്നാണ് കുളു അറിയപെടുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട് പേരറിയാത്ത ഒട്ടനവധി ചെറിയ അമ്പലങ്ങള്‍ ഉണ്ട്. വഴി വക്കില്‍ ചെറിയ സ്തൂപങ്ങളും. തമിഴ്നാട്ടില്‍ എവിടെയോ മൈല്‍കുറ്റിയെ ദൈവമായി ആരാധിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. തമിഴരുടെ ജീവിതശൈലി വെച്ച് അത് സത്യമാവാനും സാധ്യതയുണ്ട്. കുളു എത്തുന്നതിനു കുറച്ചു മുന്‍പ് ചെറുതായി മഴ ചാറിതുടങ്ങി. മഴ...

Motor Cycle Diaries - Part 6 Credits : Shareef Chungathara

Motor Cycle Diaries - Part 5 Credits : Shareef Chungathara മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 6 ഉറക്കത്തില്‍ അതിമനോഹരമായ ഒരു സ്വപ്നം കണ്ടിരുന്നു. പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമയ ഒരു താഴ്വരയില്‍ ഒരു കൊച്ചു വീട്. കുന്നിന്‍മുകളിലെ മരത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ വീടിന്റെ മുറ്റത്തുതന്നെ എത്തുന്നു. രാത്രികളില്‍ നാടന്‍ വാറ്റിനോട്‌ സാദ്ര്യശ്യമുള്ള കുപ്പിയിലെ പാനീയം കുടിച്ചുകൊണ്ട് നക്ഷത്രങ്ങള്‍ പൂത്ത ആകാശം കണ്ടുകൊണ്ട് ഉറങ്ങുന്നു. താഴ്വരയില്‍ ഉരുകുന്ന മഞ്ഞു കണ്ടുകൊണ്ട് ഇഷ്ടിക പാകിയ അടുക്കളയില്‍ രണ്ടു കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കൈകള്‍ മാത്രം. മുഖം കാണുന്നതിനു മുന്‍പ് റഫീക്ക് എന്നെ വിളിച്ചുണര്‍ത്തി. കഠിനമായ ദേഷ്യം വന്നെകിലും, റഫീക്ക് ആ യതുകൊണ്ട് മാത്രം തൊണ്ടയില്‍ എത്തിയ മുട്ടന്‍ തെറി ഉമിനീരിന്റെ കൂടെ വിഴുങ്ങി. എണീക്കുന്നില്ലേ എന്ന് ചോദിച്ചു അവന്‍ പോവുകയും ചെയ്തു. ഞാന്‍ വീണ്ടും കണ്ണടച്ച് ആ സ്വപനത്തിന്റെ ബാക്കി കാണാന്‍ കഴിയുമോ എന്ന് നോക്കി. ആരായിരിക്കും അത്? വീണ്ടും സ്വപ്നം റീവൈന്റ് ചെയ്ത് കൈകള്‍ മാത്രം പൌസ് ചെയ്തു നോക്കി. വിരലിലെ മോതിരം കണ്ടാലറിയാം അതവള്‍ തന്നെ, അല്ലെ...

Motor Cycle Diaries - Part 11 Credits : Shareef Chungathara

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്- 11 ആട്ടിന്‍പറ്റത്തെ പുറകിലാക്കി ഞാന്‍ മുന്നോട്ടു പോയി. മനാലി എത്തുന്നതിനു മുന്‍പ് റോഡിന്റെ ഇരുവശത്തും അപ്പിള്‍, പ്ലംസ് കൃഷികള്‍ ഉണ്ട്. വിളവെടുപ്പ് കഴിഞ്ഞതും, വിളവെടുത്തുകൊണ്ടിരിക്കുന്നതുമായ കൃഷിയിടങ്ങള്‍. മരത്തില്‍ കയറി പ്ലംസ് പറിക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. അവളെ കടന്നു മുന്നോട്ടു പോയെങ്കിലും വീണ്ടും ബൈക്ക് തിരിച്ചു. അവളും അവളുടെ അച്ഛനും അനിയനും അടങ്ങുന്ന സംഘം പ്ലംസ് പറിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖം വെക്തമല്ല. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് അവളുടെ അനിയന്‍ തലയാട്ടി. നിറഞ്ഞ കുട്ടയുമായി അവളുടെ അച്ഛന്‍ ഇറങ്ങി വന്നു. ഞാന്‍ വെറുതെ പ്ലംസിന്റെ കുട്ടയിലേക്ക് നോക്കി. ചുവന്നു തുടുത്ത പ്ലംസ്. നാട്ടില്‍ കിട്ടുന്ന പ്ലംസ് ഇത്ര വലിപ്പം ഉണ്ടാവാറില്ല. എന്റെ നോട്ടം അയാള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. ഒരു പിടി വാരി എനിക്ക് തന്നു. ഒരു കൈയ്യില്‍ ഹെല്‍മെറ്റ്‌ ഇരിക്കുന്നതിനാല്‍ ഹെല്‍മെറ്റിന്റെ അകം കാണിച്ചു കൊടുത്തു. ഒരു നിമിഷം ശങ്കിച്ച് നിന്നതിനു ശേഷം വീണ്ടും പ്ലംസ് ഹെല്‍മെറ്റിനകത്തേക്ക് ഇട്ടു തന്നു. സംഗതി ചമ്മിയെങ്ക...